തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ വസതിയിൽ അതിഥിയായെത്തി നടൻ ദുൽഖർ സൽമാൻ. പൊന്നാട അണിയിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഢി ദുൽഖറിനെ സ്വീകരിച്ചത്. നിര്‍മാതാവ് സ്വപ്ന ദത്തും ദുല്‍ഖറിനൊപ്പമുണ്ടായിരുന്നു.
ലക്കി ഭാസ്കറിലെ അഭിനയത്തിന് ദുല്‍ഖർ സൽമാന് കഴിഞ്ഞ വർഷം മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. നേരിട്ടെത്തി അവാർഡ് ഏറ്റുവാങ്ങാൻ ദുൽഖറിന് സാധിച്ചിരുന്നില്ല.
അതുകൊണ്ട് തെലുങ്കാനയിൽ എത്തിയപ്പോൾ ദുൽഖറിനെ തന്റെ വസതിയിലേക്ക് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പ്രത്യേകം ക്ഷണിച്ചതാണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
2024 ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങൾക്കായുള്ള പുരസ്കാരങ്ങളിൽ നാലെണ്ണമാണ് ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്ക്കർ അന്ന് സ്വന്തമാക്കിയത്. മൂന്നാമത്തെ മികച്ച ചലച്ചിത്രം, മികച്ച എഡിറ്റർ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്കാരങ്ങളാണ് ലക്കി ഭാസ്കറിനെ തേടിയെത്തിയത്.
മികച്ച എഡിറ്റർക്കുള്ള അവാർഡ് ഈ ചിത്രത്തിലൂടെ നവീൻ നൂലി നേടിയപ്പോൾ, മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ഇതിലൂടെ സ്വന്തമാക്കിയത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ വെങ്കി അറ്റ്ലൂരിയാണ്.